Thursday, November 3, 2011

സത്യന്‍ അന്തിക്കാടിന്.....
     സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ ഏതാണ്ട് എല്ലാ മലയാളികള്‍ക്കും തന്നെ ഇഷ്ട്ടമാണ്. അതുപോലെ തന്നെ അദ്ദേഹത്തിന്‍റെ സിനിമകളേയും. കാരണം അദേഹത്തിന്‍റെ സിനിമകള്‍ക്ക് എല്ലാം തന്നെ ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. അതായത്, ഗ്രാമാന്തരീക്ഷത്തില്‍ ഉടലെടുത്ത് വികസിക്കുന്ന കഥ, ലളിതമായ ആഖ്യാന ശൈലി, താരതമ്യേന നിഷ്കളങ്കരായ കഥാപാത്രങ്ങള്‍, കോപ്രായങ്ങളല്ലാത്ത നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അങ്ങിനെ പലതും... ഇതെല്ലാം സാധാരണ മലയാളിക്ക് ഇഷ്ട്ടവുമാണ്. അതുകൊണ്ട് തന്നെ അദേഹത്തിന്‍റെ കരിയറില്‍ പരാജയങ്ങള്‍ തീരെ കുറവുമാണ്. പിന്നൊരു കാര്യം പതിവ്‌ സിനിമാക്കാരുടെ തലക്കനം ഒന്നുമില്ലാത്ത ഒരു സാദാ അന്തിക്കാട്ടുകാരനാണ് ഇപ്പോഴും അദ്ദേഹം എന്നുള്ളതാണ്. ഒരു സിനിമ കഴിഞ്ഞു അടുത്ത സിനിമക്കായി യാതൊരു ധൃതിയും കാണിക്കാതെ നല്ല സബ്ജക്ട് ഒത്തു വരുന്നത് വരെ തന്‍റെ കൃഷിയും നാടുമൊക്കെയായി ഒതുങ്ങി കഴിയുന്ന മനുഷ്യന്‍.
    ഇതെഴുതാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍ കണ്ടിട്ടാണ്. ഒരു നല്ല സംവിധായകന്‍ ഒരു നല്ല എഴുത്തുകാരന്‍ ആകണമെന്നൊന്നുമില്ല. അതുപോലെ തിരിച്ചും. എഴുത്തില്‍ താനൊരു സംഭവം ആണെന്ന് ആരോ അദ്ദേഹത്തെ തെറ്റായി പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു എന്ന് തോന്നുന്നു ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട്. കെട്ടുറപ്പുള്ള ഒരു തിരക്കഥ ഉണ്ടാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു. സംവിധാന മികവ് കൊണ്ട് (താരപ്പൊലിമ കൊണ്ടും) അതേ സിനിമ വലിയ പരിക്കില്ലാതെ രക്ഷപെടുകയും ചെയ്യുന്നു. അതോ സത്യന്‍ അന്തിക്കാട് എന്ന സംവിധായകനോടുള്ള ഇഷ്ട്ടം കൊണ്ട് മലയാളി പുതുതായി എന്തൊക്കെയോ പ്രതീഷിച്ച് വീണ്ടും തീയേറ്ററില്‍ കയറുന്നോ? എങ്കില്‍ അടുത്തിടെ അദ്ദേഹം പ്രതീക്ഷകള്‍ തെറ്റിക്കുകയാണ് എന്ന് പറയേണ്ടി വരും. സത്യന്‍ സിനിമകള്‍ ഒരേ റൂട്ടില്‍ ഓടുന്ന ബസുകള്‍ പോലെ ആണെന്ന് അടുത്തിടെ സലിം കുമാര്‍ പറഞ്ഞത് ഈ സമയത്ത് ഓര്‍ത്തു പോകുന്നു. രസതന്ത്രം മുതലുള്ള അദ്ദേഹത്തിന്‍റെ സിനിമകള്‍ എടുത്തു നോക്കിയാല്‍   ഇത് വായിക്കുന്നവര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. 
    ഒരേ പാറ്റേണില്‍ ഉള്ള സിനിമകള്‍ മാത്രമേ തന്നേക്കൊണ്ട് പറ്റൂ എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന കാര്യമാണ്. അല്‍പ്പമൊക്കെ മാറിയപ്പോള്‍ പരാജയവും മണത്തിട്ടുള്ളതാണ്. ‘പിന്‍ഗാമി’ ഒക്കെ ഉദാഹരണം. എങ്കിലും ഒരേ കാര്യങ്ങള്‍ തന്നെ മറിച്ചും തിരിച്ചും ഇട്ട് എത്ര നാള്‍ മുന്‍പോട്ട് പോകുവാന്‍ പറ്റും? (വലിയ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ കൂടിയും) സത്യന്‍ സിനിമകളിലെ ഗാനരംഗങ്ങളും കഥാപാത്രങ്ങളും ഒക്കെ അദേഹത്തിന്‍റെ  തന്നെ മറ്റു പല സിനിമകളേയും ഓര്‍മ്മിപ്പിക്കുന്നു അടുത്തിടെ. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു എന്നോക്കെയുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയം ഇല്ല. കൂടാതെ മോഹന്‍ലാലിന്‍റെ മുന്നൂറാമത്തെ സിനിമ എന്ന പ്രത്യേകതയും. പക്ഷേ പടമിറങ്ങിയപ്പോള്‍....... നനഞ്ഞ പടക്കം ആയിരുന്നു എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ യോജിക്കാത്തവരും ഉണ്ടാകും. സത്യന്‍ സിനിമകള്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ക്കും മനോഹരമായ ഗാനരംഗങ്ങള്‍ക്കും പേര് കേട്ടതാണ്. ഇവിടെ ആ കാര്യത്തിലും നിരാശ മാത്രം.
    ഇത് ‘സ്നേഹവീട്’ സിനിമയുടെ റിവ്യു ഒന്നും അല്ല. പൊതുവായ കാര്യം പറഞ്ഞു എന്നേ ഉള്ളു. അതുകൊണ്ട് സത്യന്‍ സാര്‍, താങ്കളില്‍നിന്നും ഇനിയും മലയാളികള്‍ ഒത്തിരി പ്രതീക്ഷിക്കുന്നു. ശ്രീനിവാസനേപ്പോലുള്ളവരെ കിട്ടുന്നില്ലെങ്കില്‍ നല്ല എഴുത്തുകാരെ കണ്ടുപിടിച്ച് അവരുടെ തിരക്കഥയില്‍ നല്ല നല്ല സിനിമകള്‍ ഇനിയും സംവിധാനം (മാത്രം) ചെയ്യുക. അല്ലെങ്ങിലും വര്‍ഷത്തില്‍ ഇത്ര സിനിമകള്‍ ചെയ്തിരിക്കണം എന്ന ദുര്‍വാശി ഒന്നും പണ്ടേ ഉള്ള ആളല്ലല്ലോ അങ്ങ്. നീണ്ട ഇടവേളകളില്‍ ഇറങ്ങുന്ന സത്യന്‍ സിനിമകളില്‍ പ്രേക്ഷകര്‍ക്ക്‌ വലിയ പ്രതീക്ഷ ആണ് ഉള്ളത്. ആ പ്രതീക്ഷ താങ്കള്‍ തെറ്റിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. IV ശശിയുടേയും, ഫാസിലിന്‍റെയും ഒക്കെ ഇന്നത്തെ അവസ്ഥ കണ്ടിട്ടുള്ള ആശങ്ക കൊണ്ടാണ് ഇത് പറയുന്നത്. ഇനിയും നല്ല നല്ല സംരംഭങ്ങള്‍  താങ്കളില്‍നിന്നും പ്രതീക്ഷിക്കുന്നു.

2 comments:

  1. വായന ദുഷ്ക്കരം.
    ഫോണ്ട് വലുതാക്കുക

    ReplyDelete
  2. ഫോണ്ട് വലുതാക്കിയിരിക്കുന്നു സര്‍. നന്ദി.....

    ReplyDelete

Your openion please