Thursday, October 27, 2011

മലയാള സിനിമയുടെ ദുരവസ്ഥ


    
     മലയാളം സിനിമയുടെ ഇന്നത്തെ അവസ്ഥ എന്താണ്? സമീപകാല മലയാളം സിനിമകള്‍ എടുത്തു നോക്കിയാല്‍ കാണുന്ന ദൃശ്യം എന്താണ്? കാര്യങ്ങള്‍ ഒട്ടും ആശാവഹമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. മലയാള സിനിമ അക്ഷരാര്‍ഥത്തില്‍ മരിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. പ്രേക്ഷകനെ രണ്ട് മണിക്കൂര്‍ പിടിച്ചിരുത്താന്‍ പെടാപ്പാട് പെടുകയാണ് നമ്മുടെ സിനിമാപണ്ഡിതര്‍. ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന ഉല്‍പ്പന്നങ്ങളായി പോകുന്നു എല്ലാം തന്നെ. ഇടയ്ക്കു ആശ്വാസത്തിനായി ഒരു പ്രാഞ്ചിയേട്ടനും ഒരു ട്രാഫിക്കും ഒക്കെ വന്നുഭവിക്കുന്നു. ഭാഗ്യം!! സത്യം പറയണമല്ലോ, സിനിമാക്കാരും പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. പഴയ ഹിറ്റുകളെ പൊടിതട്ടി പുതിയതാക്കി പഴയതിന്‍റെയും പേര് കളയുക, രണ്ടാം ഭാഗമിറക്കി കുളമാക്കുക, രണ്ട് സിനിമകളെ ഒന്നാക്കുക അങ്ങിനെ പല സൂത്രങ്ങളും. എന്നാല്‍ ഒന്നും വേണ്ട വിധത്തില്‍ ഏല്‍ക്കുന്നില്ല എന്ന് മാത്രം.

പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടാകാത്തത് മാത്രമാണോ പ്രശ്നം? അല്ല എന്നാണ് എനിക്ക് തോന്നുന്നത്. മലയാളിയുടെ ആസ്വാദന നിലവാരത്തിനും കുറച്ചൊക്കെ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. സമീപകാലത്ത് വിജയിച്ച സിനിമകള്‍ എടുത്തു നോക്കിയാല്‍ അത് മനസിലാകും. പിന്നെ – ‘കൃഷ്ണനും രാധയും’ പോലുള്ള സിനിമകള്‍ മലയാളത്തിന് വേണോ? ഞാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ചെറുപ്പക്കാരന്‍റെ വിരോധി ഒന്നും അല്ല. അദ്ദേഹത്തിന്‍റെ ചങ്കൂറ്റത്തെ വാഴ്ത്തുകയും ചെയ്യുന്നു. ഇവിടെ ഒരു സിനിമ നിര്‍മ്മിച്ച്‌ അത് തീയേറ്ററില്‍ എത്തിക്കുക എന്നുള്ളത് മഹാഭാരതം ആണെന്നിരിക്കെ സ്വന്തമായി എല്ലാ മേഘലകളിലും കൈ വച്ച് (?) അവസാനം അത് വെളിച്ചം കാണിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ പ്രശ്നം അതല്ല, നിലവാരം ആണ്. പണ്ടൊക്കെ പാണ്ടിപ്പടം എന്ന് പുച്ഛത്തോടെ വിളിച്ചിരുന്ന തമിഴ്‌ സിനിമകളുടെ നിലവാരം എവിടെ, അരവിന്ദന്‍റെയും ഭാരതന്‍റെയും എന്ന് നമ്മള്‍ അഹങ്കരിച്ചിരുന്ന മലയാളത്തിന്‍റെ നിലവാരം ഇന്ന് എവിടെ? നല്ല സിനിമകള്‍ ഇവിടെ ഇറങ്ങുന്നേ ഇല്ല എന്ന് ഇപ്പറഞ്ഞതിന് അര്‍ഥം ഇല്ല. ഒരു രഞ്ജിത്ത്, ഒരു ബ്ലെസി അങ്ങിനെ ചുരുക്കം ചിലരിലേക്ക് ഒതുങ്ങി പോകുന്നു എന്നു മാത്രം.

      അനേകം ചവറുകള്‍ക്കിടയില്‍ ഒരു വേറിട്ട സൃഷ്ട്ടി ഉണ്ടാകുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിച്ച് വിജയിപ്പിച്ച് എടുക്കേണ്ട കടമ നമ്മള്‍ പ്രേഷകര്‍ക്കും ഇല്ലേ? അവിടെ നമ്മളും പരാജയപ്പെടുന്നില്ലേ? ഇവിടെ നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്നുള്ള മുറവിളി മാത്രമല്ലാതെ നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ആരും കാശുകൊടുത്തു അത് കയറി കാണുന്നില്ല എന്ന പ്രശ്നവുമുണ്ട്. അടുത്ത കാലത്തിറങ്ങിയ ‘പ്രണയം’ ഒരുദാഹരണം മാത്രം. ചെണ്ട കൊട്ടും പാലഭിഷേകവും നടത്തുന്ന താരത്തിന്‍റെ മുഴുവന്‍ ഫാന്‍സുകാര്‍ പോലും ആ സിനിമ കണ്ടില്ല. തട്ടുപൊളിപ്പന്‍ തെലുങ്ക് പടങ്ങളുടെ ഡബ്ബ് വേര്‍ഷനുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഒറിജിനല്‍ ആന്ധ്രയില്‍ ഫ്ലോപ്പ് ആകുമ്പോള്‍ അതിന്‍റെ ഡബ്ബ് വേര്‍ഷന്‍ കേരളത്തില്‍ ഹിറ്റ്‌ ആകുന്നു. എന്നാല്‍ അത്തരം ഒരു സിനിമ നമ്മുടെ അഭിനേതാക്കളെ വച്ച് ഇവിടെ ഇറക്കിയാല്‍ അതും ഇഷ്ട്ടപെടില്ല.

      സിനിമക്കാര്‍ക്കിടയില്‍ സംഘടനകള്‍ ആണ് ഇപ്പോഴത്തെ മറ്റൊരു പ്രശ്നം. കൂണ് മുളയ്ക്കുന്നത് പോലെയാണ് ഇപ്പോള്‍ അതിനകത്ത് സംഘടനകള്‍. കൂട്ടായ്മകള്‍ എപ്പോഴും നല്ലതാണ്, ആവശ്യവുമാണ്. പക്ഷെ, പരസ്പരം വെട്ടി ഇല്ലാതാകാന്‍ വേണ്ടി ആകരുതെന്നു മാത്രം. പരസ്പരം ചെളി വാരിയെറിഞ്ഞു സ്വയം അപഹാസ്യരാകുന്നു അവര്‍. ഇരിക്കുന്ന കൊമ്പ് വെട്ടുകയാണെന്ന സത്യം അവരെന്തേ തിരിച്ചറിയുന്നില്ല? നടന്മാരുടെ കാര്യം പറഞ്ഞാല്‍, നാക്കിന്‍റെ നീളം കൊണ്ട് ഒരു നടന്‍ ‘ടിന്ടു മോന്‍’ എന്ന ഹാസ്യ കഥാപാത്രത്തെയും കടത്തിവെട്ടി (കു)പ്രശസ്തനായത് അടുത്തിടെ നമ്മള്‍ കണ്ടു. അങ്ങിനെ എല്ലാവരും അവരാലാകുന്ന വിധത്തില്‍ ഒരു ഇന്‍ഡസ്ട്രിയെ തകര്‍ക്കുന്നുണ്ട്. ഇതെഴുതുമ്പോഴും അടുത്ത സമരത്തിന്‍റെ വാര്‍ത്തകള്‍ വന്നു തുടങ്ങി. ഇനി മുതല്‍ സ്വന്തം ഭാഷാചിത്രങ്ങള്‍ തീയേറ്റര്‍കാര് പ്രദര്‍ശിപ്പിക്കില്ലത്രേ, അന്യഭാഷ ചവറുകള്‍ക്ക് സ്വാഗതം. കഷ്ടം തന്നെ. ഇനി കാശ് മുടക്കി ഇതൊക്കെ കാണുന്ന പ്രേക്ഷകന്‍ ഒരു കൂട്ടായ്മ്മ ഉണ്ടാക്കി ഒരു സമരം തുടങ്ങിയാല്‍ ഇവനൊക്കെ എന്ത് ചെയ്യും????  

        പിന്നൊരു പ്രശ്നം പറഞ്ഞു കേള്‍ക്കുന്നത് ‘യൂത്തിന്‍റെ അഭാവം’ ആണ്. ഇവിടെ എത്ര യൂവ നടന്മാര്‍ സ്വന്തം കഴിവ് തെളിയിച്ചു?? കഴിവ് കുറച്ചെങ്കിലും തെളിയിച്ചവര്‍ക്ക് അവസരങ്ങളും ഉണ്ട്. (ജാഡ എടുക്കാതെ നിലത്ത് നില്‍ക്കുന്നവര്‍ക്ക്). സുപ്പര്‍ താരങ്ങള്‍ക്ക് പ്രായമായതു അവരുടെ കുഴപ്പം കൊണ്ടല്ല. അവരെല്ലാം അവരവരുടെ കഴിവുകള്‍ തെളിയിച്ചവരാണ്. അവരോടു മാറി നില്‍ക്കാന്‍ പറയാതെ മത്സരിച്ചു മുന്നിലെത്തുക. അണിയറക്കാര്‍ പ്രേക്ഷകപക്ഷത്ത് നിന്ന് ചിന്തിച്ച് നല്ല കഥകള്‍ ഉണ്ടാക്കുക. അതാണ്‌ ചെയ്യേണ്ടത്. എന്തായാലും മോളിവുഡ് എന്നറിയപ്പെടുന്ന മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് പൊതുവേ ഇപ്പോള്‍ നല്ല കാലം അല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഈ അവസ്ഥ ഒക്കെ മാറുമെന്നും ഇനിയും നല്ല നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുമെന്നും നമുക്ക് പ്രത്യാശിക്കാം

4 comments:

 1. valare sathyamanu malayalam film engott...thamilil 7am arivu,kangivaram subrahmanyam thudangi vithyasthamaya chithrangal varikayum vijayikkukayum cheyyumbol evide malayalam film industry kooppukuththukayanu.....
  aasamsakal

  ReplyDelete
 2. നന്ദി അഭിഷേക്. അഭിപ്രായത്തിന് :)

  ReplyDelete
 3. സമീപനങ്ങളും ട്രീറ്റ്‌മെന്ടുകളും ആണ് ഇതിനെല്ലാം കാരണങ്ങള്‍. ഈ 2 വസ്തുതകള്‍ പ്രേക്ഷകന്‍റെ ഭാഗത്ത്‌ നിന്നും സംവിധായകന്‍റെ ഭാഗത്ത്‌ നിന്നും ഉടലെടുകേണ്ടിയിരിക്കുന്നു.

  ReplyDelete
 4. അതെ ഷമീം. നിലവാരത്തിന്‍റെ കാര്യത്തില്‍ രണ്ടു പക്ഷത്തും ഇടിവുണ്ടായിട്ടുണ്ട്.

  ReplyDelete

Your openion please