Friday, October 21, 2011

മെഗാ സീരിയല്‍ മാമാങ്കം      മലയാളം ചാനലില്‍ വരുന്ന സീരിയലുകളെക്കുറിച്ച് ഇതിന് മുന്‍പും പലവട്ടം എന്നേക്കാളും വിവരവും വിദ്യാഭ്യാസവും ഉള്ള പലരും പറയുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നിരുന്നാലും ഇതിനെക്കുറിച്ച്‌ എനിക്കും എന്തെങ്കിലും പറയണമെന്ന് തോന്നിയിട്ട് ഒത്തിരി നാളുകളായി. ചില സീരിയലുകള്‍ യാതൊരു അന്തവും കുന്തവും ഇല്ലാതെ നീളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സാക്ഷര കേരളത്തില്‍ ഈ ചവറുകള്‍ കാണാന്‍ ഇഷ്ട്ടംപോലെ ആളുകളും ഉണ്ടെന്ന് ഖേദപൂര്‍വ്വം പറയട്ടെ. ഇങ്ങനെ വര്‍ദ്ധിക്കുന്ന പ്രേക്ഷകര്‍ തന്നെ ആണ് വീണ്ടും വീണ്ടും ഇത്തരം ചവറുകള്‍ ചമയ്ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും.   

      മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ കാരണം പുതുതലമുറ വഴി പിഴയ്ക്കുന്നു എന്നായിരുന്നു ഒരിടയ്ക്ക് ഇവിടുത്തെ മുറവിളി. ഈ എളിയവന്‍റെ അഭിപ്രായത്തില്‍ അവരൊന്നും ഇവിടെ ആരേയും വഴിപിഴപ്പിച്ചിട്ടില്ല. പക്ഷേ ഈ സീരിയലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ പുതിയ തലമുറയെ തെറ്റായ വഴി നടത്തും എന്നാ കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. കാരണം, ഇപ്പോഴത്തെ സീരിയലുകള്‍ എടുത്തു നോക്കിയാല്‍ വ്യക്തിത്വം ഉള്ള കഥാപാത്രങ്ങള്‍ തീരെ കുറവാണ്, അല്ലെങ്ങില്‍ ഇല്ല എന്ന് തന്നെ പറയാം. കുടിലബുദ്‌ധികളായ സ്ത്രീ കഥാപാത്രങ്ങള്‍, വഴി പിഴച്ചവര്‍, യാതൊരു ഉളുപ്പും ഇല്ലാത്തവര്‍ (സംവിധായകനേക്കാളും) ഒക്കെ അരങ്ങുവാഴുകയാണ് അക്ഷരാര്‍ഥത്തില്‍. ഒന്നില്‍ സ്വന്തം കുട്ടിയുടെ അച്ഛന്‍ ആരാണെന്നു അമ്മയ്ക്കും പാവം കുട്ടിക്കും അറിയില്ല. ഒന്നില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ലക്ഷണം കണ്ടിട്ട് ഇനി ഒരു വര്‍ഷം കഴിഞ്ഞാലും പ്രസവം നടക്കും എന്ന് തോന്നുന്നില്ല.

      ഇവിടെ ഒരിടയ്ക്ക് സീരിയലിനും സെന്‍സറിംഗ് എന്ന ഏര്‍പ്പാട് വരാന്‍പോകുന്നു എന്ന് കേട്ടിരുന്നു. എന്തോ ഒന്നും നടന്നില്ല. അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കാന്‍ സമ്മതിക്കില്ലല്ലൊ. പണ്ട് ദൂരദര്‍ശനില്‍ മധുമോഹന്‍ സീരിയലുകള്‍ പോലും ഇത്രയും ക്ഷമ പരീക്ഷിച്ചിട്ടില്ല. കാരണം അന്നൊക്കെ ചില നിയമങ്ങള്‍ ഉണ്ടായിരുന്നു. 13 എപ്പിസോഡ് ആകാവു എന്നൊക്കെ. ഇപ്പോഴാണെങ്കില്‍ അഭിനേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി പോലെ ആണ്. ഒരു സീരിയലില്‍ മരണം വരെ അഭിനയിക്കാം. ചാനലുകള്‍ എല്ലാം തന്നെ പൈങ്കിളി ആകുന്നു. കണ്ണീരും കൈയ്യുമായി സ്ത്രീകഥാപാത്രങ്ങള്‍ മേഞ്ഞുനടക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ജീവിക്കുന്നത് കരയാന്‍ വേണ്ടി മാത്രമാണെന്ന്. അഭിനേത്രികള്‍ കരഞ്ഞു കരഞ്ഞു മടുക്കുകയാണ്. യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്ത കഥകളും. കഷ്ട്ടം എന്നേ പറയേണ്ടൂ...... 

      ഇതിനൊക്കെ എതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലേ എന്നുള്ളതാണ് പ്രശ്നം. പകല്‍ മുഴുവന്‍ പണി എടുത്ത് തളര്‍ന്ന വീട്ടമ്മയുടെ ആശ്രയം ആണ് സീരിയലുകള്‍ എന്നാണ് പറച്ചില്‍. ഒരു പരിധി വരെ ശരി ആണെങ്കിലും ഒരു കാര്യം പറയട്ടെ, വിവാദം ഉണ്ടാക്കാനൊന്നും അല്ല – ഒരു വടക്കേ ഇന്ത്യന്‍ വീട്ടമ്മ ചെയ്യുന്നതിന്‍റെ പകുതി പോലും ജോലി നമ്മുടെ കേരളത്തിലെ സ്ത്രീക്ക് ഇല്ല എന്നതാണ് സത്യം. അതൊക്കെ പോട്ടെ, നല്ലതിനെ സ്വീകരിച്ച് കൊള്ളില്ലാത്തതിനെ TV ഓഫ് ചെയ്ത്‌ അതിന്‍റെ റേറ്റിംഗ് എങ്കിലും കുറച്ചുകൂടെ? ഇത് ഒരാള്‍ മാത്രം ചെയ്തിട്ട് കാര്യമില്ല എന്നറിയാം, എന്നാലും പല തുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെ പലരും ഇതുപോലെ ചെയ്‌താല്‍....... ഇപ്പോള്‍ വന്ന് വന്ന്‌ ദൈവങ്ങള്‍ക്ക് പോലും രക്ഷ ഇല്ല. പുരാണ കഥകളും പൊടിപ്പും തോങ്ങലും ഒക്കെ വച്ച് അരങ്ങ് തകര്‍ക്കുകയാണ്.

      ഇനി എന്തൊക്കെ കണ്ടാലാ ദൈവമേ? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കൊടി പിടിക്കുന്ന മലയാളി ഇതിനൊക്കെ എതിരെ ഒന്നും ചെയ്യുന്നില്ലല്ലോ. ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ നടപ്പിലാകുന്ന സംസ്ഥാനമാണ് കേരളം. ഈ കൂതറ സീരിയലുകള്‍ക്കും എന്തെങ്കിലും ഒരു നിയമം വരേണ്ടത് അത്യാവശ്യമല്ലേ? തിരകഥ നേരത്തെ സമര്‍പ്പിക്കുക, ഇത്ര ഭാഗങ്ങള്‍ മാത്രമേ ആകാവൂ, നടിനടന്മാരുടെ വസ്ത്രധാരണം.... അങ്ങിനെ എല്ലാം. യോജിക്കുന്നവരും വിയോജിക്കുന്നവരും ഒക്കെ ഉണ്ടാകും എന്നറിയാം. എന്നാലും ഇങ്ങനെ കയറൂരി വിടുന്നതിലും നല്ലതായിരിക്കും. ചാനലുകളെ പേരെടുത്ത്‌ ഒന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. അല്‍പ്പം മാന്യത നിങ്ങളുടെ ഭാഗത്തുനിന്നും അത്യാവശ്യമാണ്. നിങ്ങളുടെ പിഴച്ചുണ്ടായ സീരിയല്‍ കഥാപാത്രങ്ങളെ പോലെ ആകാതിരിക്കുക....... നല്ല കഥകള്‍ വലിച്ചുനീട്ടാതെ നന്നായി അവതരിപ്പിക്കുക. പ്രേക്ഷകരുടെ ക്ഷമയെ ഒരു പരിധിയില്‍ കൂടുതല്‍ പരീക്ഷിക്കാതിരിക്കുക.  

3 comments:

  1. എനിക്കും ഇതേ അഭിപ്രായമാണ്. ഇത്തരം ആഭാസങ്ങള്‍ പടച്ചു വിടുന്നവര്‍ക്ക് ചുരുങ്ങിയത് ജീവപര്യന്തം തടവുശിക്ഷ നല്‍കുന്ന നിയമം വരണം 

    ReplyDelete
  2. അതെ. മെഗാസീരിയലുകള്‍ക്കായി എന്തെങ്ങിലും നിയമങ്ങള്‍ ആവശ്യമാണ്‌. അല്ലെങ്കില്‍ ഈ ആഭാസങ്ങള്‍ തുടരുക തന്നെ ചെയ്യും.

    ReplyDelete

Your openion please