Wednesday, November 9, 2011

പൊള്ളുന്ന പെട്രോള്‍ വില



      അടിക്കടി കൂടുന്ന പെട്രോള്‍ വിലയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. സാധാരണ ജനങ്ങള്‍ക്ക്‌ താങ്ങാന്‍ പറ്റാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍ തന്നെ വില. ഉടനെ വീണ്ടും കൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടും ഇരിക്കുന്നു. ഇത്ര നഷ്ട്ടം സഹിച്ചാണോ ഈ കമ്പനികള്‍ ഇത്രയും നാളും പെട്രോള്‍ വിറ്റിരുന്നത്? എന്നാല്‍ ഇവര്‍ പറയുന്ന നഷ്ട്ടങ്ങള്‍ ഒന്നും അവരുടെ വാര്‍ഷിക കണക്കില്‍ കാണുന്നുമില്ലല്ലോ. അതുപോലെ കമ്പനികള്‍ പറയുന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ വര്‍ധനവ്‌ പിന്‍വലിക്കാം എന്ന്. സര്‍ക്കാര്‍ പറയുന്നു ഇനിയും കൂട്ടേണ്ടതാണ്, കമ്പനികള്‍ അത്രക്കും നഷ്ട്ടത്തില്‍ ആണ് ഓടുന്നതെന്നും... പ്രണാബ് മുഖര്‍ജിയുടെ കണക്കുകള്‍ എന്തൊക്കെ തന്നെ ആണെങ്കിലും സര്‍ക്കാര്‍ ജനപക്ഷത്തു നില്‍ക്കെണ്ടതല്ലേ? കാരണം സര്‍ക്കാര്‍ ജനങ്ങളുടെ ആണല്ലോ. അതോ ഇനി മൂന്നാം തവണയും കയറ്റിവിടുവാന്‍ മാത്രം മണ്ടന്മാരല്ല ഇവിടുത്തെ ജനങ്ങള്‍, അപ്പോള്‍ എന്തും കാണിച്ചിട്ട് ഇറങ്ങിപ്പോകാം എന്ന ധാരണയോ? എന്തായാലും ഈ സര്‍ക്കാര്‍ അതിന്‍റെ ഏറ്റവും നാണംകെട്ട നാളുകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെ പ്രധിരോധിക്കാന്‍, അല്ലെങ്കില്‍ അവസരം മുതലെടുക്കാനെങ്കിലും ശക്തിയും പ്രാപ്തിയും ഉള്ള ഒരു പ്രതിപക്ഷം ഉണ്ടോ ഇവിടെ? ഇതൊക്കെയാണ് നമ്മള്‍ പ്രജകളുടെ ദൌര്‍ഭാഗ്യവും. ഞാനൊരു പാര്‍ട്ടിപക്ഷത്തും നിന്നല്ല പറയുന്നത്. കാരണം നമ്മള്‍ എല്ലാവരെയും കണ്ടതാണല്ലോ.     
     ആധികാരികമായി കണക്കുകള്‍ വിശകലനം ചെയ്യുവാനൊന്നും അറിയില്ലെങ്കിലും ഒരു കാര്യം പറയാം. ഇത്രയും വില നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഒരിടത്തും ഇല്ല. നമ്മുടെ അത്രയും വികസനം ഒന്നും കൊട്ടിഘോഷിക്കാന്‍ അവയില്‍ ചിലതിനു ഇല്ലെങ്കിലും. അല്ലെങ്കില്‍ സാധാരണക്കാരെ വീര്‍പ്പുമുട്ടിച്ചുകൊണ്ട്‌ എന്ത് വികസനം. ഈപ്പറഞ്ഞത്‌ തെറ്റായെങ്കില്‍ ക്ഷമിക്കുക. മറ്റു രാജ്യങ്ങളിലെ പെട്രോള്‍ വില ഒന്ന് ശ്രദ്ധിക്കുക. ഇത് കണ്ടിട്ട് എന്ത് തോന്നുന്നു??

ചൈന = 37.31
വിയെറ്റ്നാം = 38.42
USA
= 39.64
ശ്രീലങ്ക = 44.51
അഫ്ഗാനിസ്ഥാന്‍ = 12.37
നൈജീരിയ = 16.63
മലേഷ്യ = 24.11
ഇറാന്‍ = 25.53
ഹോങ്ങോങ്ങ് = 29.86
ബംഗ്ലാദേശ് = 36.12
പാകിസ്ഥാന്‍ = 38.78
കെനിയ = 45.55
കാനഡ= 56.07
സൗത്ത്‌ കൊറിയ = 54.35
സൗത്ത്‌ ആഫ്രിക്ക  = 55.24
ഇന്ത്യ = 74.84
ബള്‍ഗേറിയ = 57.29
ന്യൂസിലാന്‍റ് = 57.36
ഓസ്ട്രേലിയ = 62.46
പോളണ്ട് = 62.48
സ്പെയിന്‍  = 64.58
സ്വിറ്റ്സര്‍ലന്‍ഡ് = 65.57
തായിലാന്‍റ് = 67.52
ജപ്പാന്‍ = 70.75
UAE =
18.14
ഖത്തര്‍ = 8.25
സൗദി = 8.53  
കുവൈറ്റ്‌ = 9.45 
(കടപ്പാട് :http://www.indiastudychannel.com/resources/ )

ലിറ്ററിന് 30 – 35 രൂപ മാത്രം വിലയുള്ള സാധനതിനാണ് നമ്മള്‍ ഇരട്ടിയിലധികം വില കൊടുത്ത് വാങ്ങിക്കുന്നത്. ബാക്കി മുഴുവനും നികുതിയാണത്രേ!!! ഇപ്പറഞ്ഞ നികുതി എന്ന സംഭവത്തിന്‍റെ നിയന്ത്രണം സര്‍ക്കാരിന്‍റെ കൈയ്യിലല്ലേ? കേരള ഹൈക്കോടതി പറഞ്ഞതുപോലെ ജനങ്ങള്‍ പ്രതികരിക്കാത്തതാണോ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം? അല്ലെങ്കില്‍ പാവം ജനത എങ്ങിനെ പ്രതികരിക്കും? എന്തിനൊക്കെ പ്രതികരിക്കും? പെട്രോള്‍ മാത്രമല്ല, ഉടനെ തന്നെ ഡീസല്‍, പാചകവാതകം എല്ലാത്തിനും വില കൂടുവാന്‍ പോകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധിഷേധം അവരവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം. മമതയുടെ ഉമ്മാക്കിയും മലക്കംമറിച്ചിലും നമ്മള്‍ കണ്ടുകഴിഞ്ഞു. ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ക്ക് ഒന്നും ഒരു  വിലയും ഇല്ല എന്നറിയാം. എന്നിരുന്നാലും അഭിപ്രായം രേഖപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ...... അതുകൊണ്ട് രണ്ട് വാക്ക് എഴുതി എന്ന് മാത്രം .....

Thursday, November 3, 2011

സത്യന്‍ അന്തിക്കാടിന്.....




     സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ ഏതാണ്ട് എല്ലാ മലയാളികള്‍ക്കും തന്നെ ഇഷ്ട്ടമാണ്. അതുപോലെ തന്നെ അദ്ദേഹത്തിന്‍റെ സിനിമകളേയും. കാരണം അദേഹത്തിന്‍റെ സിനിമകള്‍ക്ക് എല്ലാം തന്നെ ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. അതായത്, ഗ്രാമാന്തരീക്ഷത്തില്‍ ഉടലെടുത്ത് വികസിക്കുന്ന കഥ, ലളിതമായ ആഖ്യാന ശൈലി, താരതമ്യേന നിഷ്കളങ്കരായ കഥാപാത്രങ്ങള്‍, കോപ്രായങ്ങളല്ലാത്ത നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അങ്ങിനെ പലതും... ഇതെല്ലാം സാധാരണ മലയാളിക്ക് ഇഷ്ട്ടവുമാണ്. അതുകൊണ്ട് തന്നെ അദേഹത്തിന്‍റെ കരിയറില്‍ പരാജയങ്ങള്‍ തീരെ കുറവുമാണ്. പിന്നൊരു കാര്യം പതിവ്‌ സിനിമാക്കാരുടെ തലക്കനം ഒന്നുമില്ലാത്ത ഒരു സാദാ അന്തിക്കാട്ടുകാരനാണ് ഇപ്പോഴും അദ്ദേഹം എന്നുള്ളതാണ്. ഒരു സിനിമ കഴിഞ്ഞു അടുത്ത സിനിമക്കായി യാതൊരു ധൃതിയും കാണിക്കാതെ നല്ല സബ്ജക്ട് ഒത്തു വരുന്നത് വരെ തന്‍റെ കൃഷിയും നാടുമൊക്കെയായി ഒതുങ്ങി കഴിയുന്ന മനുഷ്യന്‍.
    ഇതെഴുതാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍ കണ്ടിട്ടാണ്. ഒരു നല്ല സംവിധായകന്‍ ഒരു നല്ല എഴുത്തുകാരന്‍ ആകണമെന്നൊന്നുമില്ല. അതുപോലെ തിരിച്ചും. എഴുത്തില്‍ താനൊരു സംഭവം ആണെന്ന് ആരോ അദ്ദേഹത്തെ തെറ്റായി പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു എന്ന് തോന്നുന്നു ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട്. കെട്ടുറപ്പുള്ള ഒരു തിരക്കഥ ഉണ്ടാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു. സംവിധാന മികവ് കൊണ്ട് (താരപ്പൊലിമ കൊണ്ടും) അതേ സിനിമ വലിയ പരിക്കില്ലാതെ രക്ഷപെടുകയും ചെയ്യുന്നു. അതോ സത്യന്‍ അന്തിക്കാട് എന്ന സംവിധായകനോടുള്ള ഇഷ്ട്ടം കൊണ്ട് മലയാളി പുതുതായി എന്തൊക്കെയോ പ്രതീഷിച്ച് വീണ്ടും തീയേറ്ററില്‍ കയറുന്നോ? എങ്കില്‍ അടുത്തിടെ അദ്ദേഹം പ്രതീക്ഷകള്‍ തെറ്റിക്കുകയാണ് എന്ന് പറയേണ്ടി വരും. സത്യന്‍ സിനിമകള്‍ ഒരേ റൂട്ടില്‍ ഓടുന്ന ബസുകള്‍ പോലെ ആണെന്ന് അടുത്തിടെ സലിം കുമാര്‍ പറഞ്ഞത് ഈ സമയത്ത് ഓര്‍ത്തു പോകുന്നു. രസതന്ത്രം മുതലുള്ള അദ്ദേഹത്തിന്‍റെ സിനിമകള്‍ എടുത്തു നോക്കിയാല്‍   ഇത് വായിക്കുന്നവര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. 
    ഒരേ പാറ്റേണില്‍ ഉള്ള സിനിമകള്‍ മാത്രമേ തന്നേക്കൊണ്ട് പറ്റൂ എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന കാര്യമാണ്. അല്‍പ്പമൊക്കെ മാറിയപ്പോള്‍ പരാജയവും മണത്തിട്ടുള്ളതാണ്. ‘പിന്‍ഗാമി’ ഒക്കെ ഉദാഹരണം. എങ്കിലും ഒരേ കാര്യങ്ങള്‍ തന്നെ മറിച്ചും തിരിച്ചും ഇട്ട് എത്ര നാള്‍ മുന്‍പോട്ട് പോകുവാന്‍ പറ്റും? (വലിയ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ കൂടിയും) സത്യന്‍ സിനിമകളിലെ ഗാനരംഗങ്ങളും കഥാപാത്രങ്ങളും ഒക്കെ അദേഹത്തിന്‍റെ  തന്നെ മറ്റു പല സിനിമകളേയും ഓര്‍മ്മിപ്പിക്കുന്നു അടുത്തിടെ. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു എന്നോക്കെയുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയം ഇല്ല. കൂടാതെ മോഹന്‍ലാലിന്‍റെ മുന്നൂറാമത്തെ സിനിമ എന്ന പ്രത്യേകതയും. പക്ഷേ പടമിറങ്ങിയപ്പോള്‍....... നനഞ്ഞ പടക്കം ആയിരുന്നു എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ യോജിക്കാത്തവരും ഉണ്ടാകും. സത്യന്‍ സിനിമകള്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ക്കും മനോഹരമായ ഗാനരംഗങ്ങള്‍ക്കും പേര് കേട്ടതാണ്. ഇവിടെ ആ കാര്യത്തിലും നിരാശ മാത്രം.
    ഇത് ‘സ്നേഹവീട്’ സിനിമയുടെ റിവ്യു ഒന്നും അല്ല. പൊതുവായ കാര്യം പറഞ്ഞു എന്നേ ഉള്ളു. അതുകൊണ്ട് സത്യന്‍ സാര്‍, താങ്കളില്‍നിന്നും ഇനിയും മലയാളികള്‍ ഒത്തിരി പ്രതീക്ഷിക്കുന്നു. ശ്രീനിവാസനേപ്പോലുള്ളവരെ കിട്ടുന്നില്ലെങ്കില്‍ നല്ല എഴുത്തുകാരെ കണ്ടുപിടിച്ച് അവരുടെ തിരക്കഥയില്‍ നല്ല നല്ല സിനിമകള്‍ ഇനിയും സംവിധാനം (മാത്രം) ചെയ്യുക. അല്ലെങ്ങിലും വര്‍ഷത്തില്‍ ഇത്ര സിനിമകള്‍ ചെയ്തിരിക്കണം എന്ന ദുര്‍വാശി ഒന്നും പണ്ടേ ഉള്ള ആളല്ലല്ലോ അങ്ങ്. നീണ്ട ഇടവേളകളില്‍ ഇറങ്ങുന്ന സത്യന്‍ സിനിമകളില്‍ പ്രേക്ഷകര്‍ക്ക്‌ വലിയ പ്രതീക്ഷ ആണ് ഉള്ളത്. ആ പ്രതീക്ഷ താങ്കള്‍ തെറ്റിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. IV ശശിയുടേയും, ഫാസിലിന്‍റെയും ഒക്കെ ഇന്നത്തെ അവസ്ഥ കണ്ടിട്ടുള്ള ആശങ്ക കൊണ്ടാണ് ഇത് പറയുന്നത്. ഇനിയും നല്ല നല്ല സംരംഭങ്ങള്‍  താങ്കളില്‍നിന്നും പ്രതീക്ഷിക്കുന്നു.